അയോധ്യ: പ്രണാപ്രതിഷ്ഠാ ചടങ്ങിന് ശേഷമുള്ള ആദ്യ രാമനവമി വിപുലമായി ആഘോഷിക്കാൻ അയോധ്യയിലെ ശ്രീരാമക്ഷേത്രം ഒരുങ്ങി. രാമനവമി ദിനമായ 17ന് 19 മണിക്കൂർ ക്ഷേത്രനട തുറന്നിരിക്കും. പുലർച്ചെ 3:30 മുതൽ രാത്രി 11 മണിവരെ ക്ഷേത്രനട തുറന്നിരിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. നിവേദ്യസമയത്ത് മാത്രമാകും ദർശനത്തിന് ഇടവേള നൽകുക. 16 മുതൽ 19 വരെ വിഐപി ദർശനത്തിന് അടക്കമുള്ള വിവിധ പാസുകൾ വിതരണം ചെയ്യില്ല.
മൊബൈൽ ഫോൺ, ഷൂസ്, ചെരിപ്പ്, ബാഗുകൾ തുടങ്ങിയവ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. ഇവ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ട്രസ്റ്റ് നിർദേശിച്ചു. ട്രസ്റ്റിന്റെ നേതൃത്വത്തിൽ തീർഥാടകർക്കായി സർവീസ് സെൻ്റർ സജ്ജമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യാനായി 100 ഓളം എൽഇഡി സ്ക്രീനുകൾ അയോധ്യ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ സ്ഥാപിച്ചിട്ടുണ്ട്. രാമനവമി ആഘോഷങ്ങളുടെ ഭാഗമായ രാമനവമി മേള ഏപ്രിൽ ഒൻപതിന് അയോധ്യയിൽ തുടങ്ങിയിരുന്നു. 17 വരെ മേള നീളും. 25 ലക്ഷം തീർഥാടകരെയാണ് ഇക്കാലയളവിൽ ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്.
അതേസമയം രാമനവമി ദിനത്തിൽ അയോധ്യയിലേക്ക് 1,11,111 കിലോ ലഡ്ഡു എത്തും. ദേവരഹ ഹൻസ് ബാബ ട്രസ്റ്റ് ആണ് ക്ഷേത്രത്തിലേക്ക് ലഡ്ഡു എത്തിക്കുക. നേരത്തെ, പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്ന ദിനത്തിൽ 40,000 കിലോ ലഡ്ഡു ട്രസ്റ്റ് അയോധ്യയിൽ എത്തിച്ചിരുന്നു.
തീർഥാടക പ്രവാഹം കണക്കിലെടുത്ത് ഉത്തർ പ്രദേശ് സർക്കാർ ക്ഷേത്രപരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിച്ചു ദർശനം സുഗഗമാക്കാനുള്ള സൗകര്യങ്ങൾ പോലീസ് ഏർപ്പെടുത്തി. സുരക്ഷയ്ക്കായി 11 എഎസ്പിമാരെയും 26 ഡിവൈഎസ്പിമാരെയും 150 ഇൻസ്പെക്ടർമാരെയും 400 എസ്ഐമാരെയും 25 വനിതാ എസ്ഐമാരെയും 1305 കോൺസ്റ്റബിൾമാരെയും 270 വനിതാ കോൺസ്റ്റബിൾമാരെയും നിയമിച്ചിട്ടുണ്ട്. എസ്ഡിആർഎഫ്, എടിഎസ് സംഘവും ഡ്യൂട്ടിയിലുണ്ട്.